ഗാന്ധിനഗർ: ബാങ്ക് സോഫ്റ്റ്വെയർ ഹാക്ക് ചെയ്ത് 7.34 കോടി രൂപ തട്ടിയ കേസിൽ മൂന്നുപേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ദി ഭാവനഗർ ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ നിന്ന് പണം തട്ടിയ കേസിൽ സൂറത്ത് സ്വദേശിയായ അനിൽ ധർമ്മേഷ്ഭായ് അഗ്രാവത്, ഭൂമിൽ നയൻകുമാർ പട്ടേൽ, വികാസ് പോഖർമാൽ ചൗധരി എന്നിവരാണ് പിടിയിലായത്.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി. ബാങ്കിന്റെ കോർ ബാങ്കിംഗ് സിസ്റ്റം സോഫ്റ്റ്വെയറിലെ സുരക്ഷാ വീഴ്ച മുതലെടുത്താണ് പ്രതികൾ ഈ വൻ തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. വർഷങ്ങളായി ഇടപാടുകൾ നടക്കാത്ത നാല് അക്കൗണ്ടുകൾ വഴിയാണ് സംഘം ഈ തുക തട്ടിയെടുത്തത്.
പ്രതികൾ ഇതേ രീതിയിൽ മറ്റ് ബാങ്കുകളിലും സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന കാര്യത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.